കോതമംഗലം: മാർത്തോമ ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ദന്തൽ കോളജിലെ പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സുസ്മിതം 2026 മെഗാ സാമൂഹിക സേവന പദ്ധതി സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമ്പൂർണ ദന്തനഷ്ടം സംഭവിച്ച 141 അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി മുഴുവൻ പല്ല് സെറ്റുകൾ നിർമിച്ച് വിതരണം ചെയ്തു.
പരമ്പരാഗതമായി കുറഞ്ഞത് അഞ്ച് ക്ലിനിക്കൽ സന്ദർശനങ്ങൾ ആവശ്യമായ മുഴുവൻ പല്ല് സെറ്റ് നിർമാണ നടപടികൾ പദ്ധതിയുടെ ഭാഗമായി പ്രത്യേകമായി ആസൂത്രണം ചെയ്ത ത്വരിത ചികിത്സാ രീതിയിലൂടെ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി. 19ന് പ്രധാന ക്ലിനിക്കൽ, ലബോറട്ടറി നടപടികൾ പൂർത്തിയാക്കിയ ശേഷം 20ന് എല്ലാ ഗുണഭോക്താക്കൾക്കും പല്ല് സെറ്റുകൾ വിതരണം ചെയ്തു. പ്രായമായ രോഗികൾക്ക് ആവർത്തിച്ചുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന മാതൃക നടപ്പിലാക്കിയത്.
ഒരേ വേദിയിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ സൗജന്യ മുഴുവൻ പല്ല് സെറ്റുകൾ വിതരണം ചെയ്ത പരിപാടി എന്ന നേട്ടത്തിനായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കുള്ള രേഖപ്പെടുത്തൽ നടപടികളും ചടങ്ങിനോടനുബന്ധിച്ച് പൂർത്തിയാക്കി. വൈഎംസിഎ , വൈസ്മെൻ ഇന്റർ നാഷണൽ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി.
മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാർത്തോമ ചെറിയപള്ളി വികാരി ഫാ. സാജു കുരീക്കാപ്പിള്ളിൽ , എംബിഎംഎം അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി. വിൻസെന്റ്, സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ എം.എം. സണ്ണി, മാർ ബസേലിയോസ് ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, പ്രോസ്തോഡോണ്ടിക്സ് വിഭാഗം പ്രഫസർ ഡോ. ലിറ്റോ മാനുവൽ, ഡോ. ജിൻസ പി. ദേവസി എന്നിവർ നേതൃത്വം നൽകി.